Kerala
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിലെ ലാബിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. കുറ്റ്യാടി സ്വദേശി മൂസ ആണ് പിടിയിലായത്. കോപ്പർ ഭാഗങ്ങളാണ് പ്രതി ലാബിൽ നിന്ന് മോഷ്ടിച്ചത്. ക്യാമ്പസിലെ ബിഎസ്എൽ ത്രീ ടിബി ലാബിലാണ് മോഷണം നടന്നത്.
ലാബിലെ എയർ ഹാൻഡ്ലിംഗ് യൂണിറ്റിലെ കോപ്പർ ഭാഗങ്ങളാണ് മൂസ കവർച്ച നടത്തിയത്. സുപ്രധാനമായ കോപ്പർ ഭാഗങ്ങൾ ഇളക്കി മാറ്റിയതിനെ തുടർന്ന് ലാബിന്റെ പ്രവർത്തനം താത്കാലികമായി തടസപ്പെട്ടു.
മോഷണത്തിന് പിന്നാലെ ക്യാമ്പസിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പ്രതിയെ മെഡിക്കൽ കോളജ് സുരക്ഷാ ജീവനക്കാർ തടഞ്ഞുവച്ച് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇയാളെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
National
ബംഗളൂരു: കർണാടകയിൽ പുരുഷവേഷം ധരിച്ച് വീടുകളിൽ മോഷണം നടത്തിയിരുന്ന രണ്ട് യുവതികൾ പിടിയിൽ. രേഷ്മ, നീലു എന്നിവരാണ് കേസിൽ പിടിയിലായത്. സമ്പിഗെഹള്ളിയിലെ വീട്ടിൽ നടന്ന മോഷണത്തെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
ഇരുചക്രവാഹനത്തിലെത്തിയാണ് പ്രതികൾ മോഷണം നടത്തിയത്. ഇവിടെനിന്ന് ഇവർ 30 ഗ്രാം സ്വർണവും 60 ഗ്രാം വെള്ളിയും പണവും മോഷ്ടിച്ചിരുന്നു. വീട്ടിൽ ആളില്ലാത്ത സമയം വാതിൽ കുത്തിത്തുറന്നാണ് യുവതികൾ മോഷണം നടത്തിയത്.
സംഭവത്തിന് പിന്നാലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ രേഷ്മ ഇത്തരത്തിൽ സ്ഥിരമായി മോഷണം നടത്താറുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
അന്വേഷണം വഴിതിരിച്ച് വിടാനും പിടിക്കപ്പെടാതിരിക്കാനുമാണ് പുരുഷ വേഷത്തിൽ കവർച്ച നടത്തുന്നതെന്ന് പിടിയിലായ പ്രതികൾ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
District News
കണ്ണൂർ: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ടവർ ആരായാലും ഏത് രാഷ്ട്രീയ ബന്ധങ്ങൾ പറഞ്ഞാലും അവരെയാരെയും ഇടതുപക്ഷം സംരക്ഷിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ മുപ്പതാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തെറ്റുകൾ മറയ്ക്കാനുള്ള ആവരണമല്ല ചുവപ്പുകൊടി. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം. നേതാക്കളായാലും തന്ത്രിമാരായാലും ആർക്കും അയ്യപ്പന്റെ സ്വർണത്തിൽ അവകാശമില്ല. അത് വിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്.
യഥാർഥ വിശ്വാസങ്ങളെയും വിശ്വാസികളെയും ചേർത്ത് പിടിച്ചും കപട വിശ്വാസികളെ തള്ളിയും ഇടതുപക്ഷം മുന്നോട്ടുപോകും. യഥാർഥ വിശ്വാസികളെയും വിശ്വാസങ്ങളെയും അതിന്റെ യഥാർഥ അർഥത്തിൽ മാനിക്കാനുളള ഉത്തരവാദിത്വം ഇടതുപക്ഷത്തിനുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ വിധിയെഴുത്ത് ജനങ്ങളുടെ മുന്നറിയിപ്പാണ്. അത് വിനയപൂർവം ഇടതുപക്ഷം കാണണം. എൽഡിഎഫിലാണ് പ്രതീക്ഷയെന്നും അതുകൊണ്ട് തെറ്റുകൾ തിരുത്തി മുന്നോട്ട് വരണം എന്നതാണ് ജനങ്ങൾ എൽഡിഎഫിനോട് ആവശ്യപ്പെടുന്നത്.
സംഭവിച്ച കാര്യങ്ങളിലെ പാഠങ്ങൾ ഉൾക്കൊണ്ട് തിരുത്തേണ്ടത് തിരുത്തി എൽഡി എഫ് മുന്നോട്ടുപോകുകയാണ്. ആ മുന്നോട്ട് പോക്കിനെ കുറിച്ചാണ് ഓരോ കക്ഷികളും ചർച്ച ചെയ്ത് പോകുന്നത്. അങ്ങനെ പോകുമ്പോൾ എൽഡിഎഫ് ജനഹിതത്തിന് അനുസൃതമായി കേരളത്തിൽ മൂന്നാം ഊഴവും അധികാരത്തില്‍ വരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോൾ പൊതുആവശ്യങ്ങൾ ഡിജിറ്റലായി പരിഹാരം കാണപ്പെടുന്നതിനാൽ ജനങ്ങൾ ഓഫീസിനു മുന്നിൽ തടിച്ചുകൂടുന്ന സ്ഥിതിവിശേഷം മാറിയിട്ടുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള 17000 കോടിയുടെ കുറവ് നമ്മുടെ സാമ്പത്തികനിലയെ ബാധിച്ചിട്ടുണ്ടെങ്കിലും സാമൂഹിക വികസനം തടസങ്ങൾ ഇല്ലാതെ കേരളത്തിൽ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സിപിഐ ദേശീയ എക്സിക്യുട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ, അധ്യാപക സർവീസ് സംഘടന സമിതി കൺവീനർ കെ.പി. ഗോപകുമാർ, സമരസമിതി ചെയർമാൻ ഒ.കെ. ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി വി.എം. ഹാരിസ് റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ട്രഷറർ എം.എസ്. വിമൽകുമാർ വരവുചെലവ് കണക്കും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എസ്. സജികുമാർ ബൈലോ ഭേദഗതിയും അവതരിപ്പിച്ചു. സമാപന സമ്മേളനദിനമായ ഇന്ന് പുതിയ ഭാരവാഹി കളുടെ തെരഞ്ഞെടുപ്പ്, പ്രമേയം അവതരണം എന്നിവ നടക്കും.
Kerala
മലപ്പുറം: അരീക്കോട് കടകളിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശി നാഗോൺ ജിയാബുർ ആണ് കേസിൽ പിടിയിലായത്. ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി പിടിയിലായത്.
അരീക്കോട് ബസ് സ്റ്റാൻഡ് പരിസരത്തെ മൊബൈൽ ഷോപ്പ് ഉൾപ്പെടെ നാല് കടകളിലാണ് പ്രതി മോഷണം നടത്തിയത്. കല്യാണ ചെലവിലേക്ക് പണം കണ്ടെത്താനാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസിന് മൊഴി നൽകി.
ഇയാളെ ആസാമിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാഗോൺ ജിയാബുർ പിടിയിലായത്.
പ്രതിയിൽ നിന്ന് 20,000 രൂപ പോലീസ് കണ്ടെടുത്തു. ജനുവരി എട്ടിന് ആണ് പ്രതിയുടെ വിവാഹം. ഇയാൾ നേരത്തെയും മോഷണക്കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.
Kerala
കല്‍പ്പറ്റ: മേപ്പാടി പോലീസ് സ്റ്റേഷൻ പരിധിയിലെ കരിയാത്തന്‍ കാവ് ക്ഷേത്രത്തില്‍ മോഷണം നടത്തിയ മുഖ്യപ്രതി പിടിയിൽ. കോഴിക്കോട് ഗുരുവായൂരപ്പന് കോളജ് എടക്കാട്ട് പറമ്പ്, മേത്തല്‍ വീട്ടില്‍ അക്ഷയ്കുമാര്‍(22) ആണ് പിടിയിലായത്.
ബുധനാഴ്ച പാളയം മാര്‍ക്കറ്റില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഒക്ടോബർ മാസത്തിലായിരുന്നു കേസിന് ആസ്പദമായ സംഭവം. ക്ഷേത്രത്തിന്റെ വാതില്‍ കുത്തിപ്പൊളിച്ച് ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന രണ്ട് ആംപ്ലിഫയറും ഭണ്ഡാരങ്ങളിൽ നിന്ന് 50,00രൂപയുമാണ് കവർച്ച നടത്തിയത്.
അക്ഷയ്കുമാറിനൊപ്പമുണ്ടായിരുന്ന മറ്റ് പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. കോഴിക്കോട് സ്വദേശികളായ കെ. മുഹമ്മദ് സിനാന്(20), റിഫാന്‍ (20), എന്നിവരെയും പ്രായപൂര്‍ത്തിയാവാത്ത ഒരാളെയുമാണ് കേസിൽ ആദ്യം പിടികൂടിയത്.
Kerala
ആലപ്പുഴ: മോഷണ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി പരാതിക്കുട്ടപ്പൻ എന്ന മധു(57) ആണ് പിടിയിലായത്. ആലപ്പുഴ കുറത്തികാട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.
സ്ഥിരം മോഷ്ടാവായ പ്രതി കോടതിയിൽ ഹാജരാക്കുമ്പോഴെല്ലാം ജയിലിലെ സൗകര്യങ്ങളെക്കുറിച്ച് പരാതി പറയുന്നത് പതിവാണ്. കോടതിയിൽ സ്ഥിരം പരാതിക്കാരനായതോടെയാണ് മധുവിന് പരാതി കുട്ടപ്പനെന്ന പേര് വീണത്.
തെക്കൻ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ 30ൽ അധികം കേസുകളുണ്ട്. മോഷണ കേസിൽ കഴിഞ്ഞ മാസം ആലപ്പുഴ നൂറനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് പിന്നാലെ വീണ്ടും മോഷണം സജീവമാക്കി.
നീണ്ടകര ഹാർബർ പരിസരത്ത് വച്ച് പോലീസിനെ കണ്ട് കടലിൽ ചാടിയ പ്രതിയെ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് സാഹസികമായാണ് പിടികൂടിയത്. മാവേലിക്കര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
International
ലാഹോർ: പാക്കിസ്ഥാനിൽ ജഡ്ജിയുടെ ചേംബറിൽ നിന്ന് ആപ്പിളും ഹാൻഡ് വാഷും മോഷ്ടിച്ച സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പഞ്ചാബ് പ്രവിശ്യാ പോലീസ്. രണ്ട് ആപ്പിളും ഒരു ബോട്ടിൽ ഹാൻഡ് വാഷുമാണ് സെഷൻസ് കോടതി ജഡ്ജിയുടെ ചേംബറിൽ നിന്ന് മോഷണം പോയത്.
സംഭവത്തിന് പിന്നാലെ ലാഹോറിലെ ഇസ്ലാംപുര പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജഡ്ജിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഡിസംബർ 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.
അഡീഷണൽ സെഷൻസ് ജഡ്ജി നൂർ മുഹമ്മദ് ബസ്മലിന്റെ ചേംബറിലാണ് മോഷണം നടന്നത്. പാക്കിസ്ഥാൻ പീനൽ കോഡിലെ സെക്ഷൻ 380 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: എറണാകുളം ജില്ലാ കോടതി പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച മൂന്നംഗ സംഘം പിടിയിൽ. ചേര്‍ത്തല അരൂക്കുറ്റി സ്വദേശി ജഫീല്‍ മുഹമ്മദ്, ഫോര്‍ട്ട്കൊച്ചി സ്വദേശി റെനീഷ്.പി.എ, കൊല്ലം, വളത്തുങ്കല്‍ സ്വദേശി വിജയകുമാര്‍ എന്നിവരാണ് പിടിയിലായത്.
നവംബര്‍ 25ന് ആണ് കേസിന് ആസ്പദമായ സംഭവം. എറണാകുളം ടൗണ്‍ സെന്‍ട്രല്‍ പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ജഫീല്‍ മുഹമ്മദും വിജയകുമാറും നിരവധി കേസുകളിൽ പ്രതികളാണെന്ന് പോലീസ് വ്യക്തമാക്കി.
ഓട്ടോറിക്ഷയിലെത്തിയാണ് പ്രതികൾ വാഹനം കടത്തിക്കൊണ്ടുപോയത്. ഇത്തരത്തിൽ മോഷ്ടിക്കുന്ന വാഹനങ്ങൾ ആക്രി വിലയ്ക്ക് വിൽക്കുന്നതാണ് പ്രതികളുടെ രീതി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.